തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് ഉടൻ കത്ത് നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കത്ത് നൽകുക. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെന്നാണ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുൽ അവധിയെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. രാഹുൽ മാങ്കൂട്ടത്തിൽ വരാതിരിക്കുന്നതാണ് മുന്നണിക്ക് നല്ലതെന്നാണ് ഈ ചേരിയുടെ വാദം. രാഹുൽ വന്നാൽ ശ്രദ്ധ മുഴുവൻ ആരോപണങ്ങളിലേയ്ക്ക് മാറുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് മറുപക്ഷത്തിന്റേത്. അപ്പുറത്തുള്ളവരെ ചൂണ്ടിയും നിയമസഭാ കക്ഷിയിൽ ഇല്ലെന്ന് വാദിച്ചും ഭരണപക്ഷത്തെ നേരിടാമെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം.
