കൽപ്പറ്റ : വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി ബാലന് ശരത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. അടിയന്തര ചികിത്സാ സഹായമായി 50,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. പാക്കം കാരേരി കാട്ടുനായ്ക്ക കോളനി നിവാസിയായ ശരത്തിന്റെ ദുരവസ്ഥ ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പാണ് ശരത്തിനെ കാട്ടാന ആക്രമിച്ചത്. കമലാക്ഷി-വിജയന് ദമ്പതികളുടെ നാല് മക്കളില്‍ ഇളയവനാണ് ശരത്. പുല്‍പ്പള്ളി വിജയ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശരത്തിന് കാട്ടാനയുടെ ആക്രമണത്തില്‍ കാലിന് പരുക്കേറ്റ നിലയിലാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ശരത്തിന്റെ കുടുംബത്തിന് അടിയന്തര സഹായമായാണ് രാഹുല്‍ ഗാന്ധി അന്‍പതിനായിരം രൂപ നല്‍കുന്നത്.
വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാചര്യത്തില്‍ രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കര്‍ണാടകയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും, മാനന്തവാടി മെഡിക്കല്‍ കോളജിന്റെ പരിമിതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കല്പറ്റയിലെ അവലോകന യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കലക്ടറും വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് നീണ്ടുപോകുന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല വീണ്ടും ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.