മധുരൈ: തെങ്കാശി പാവൂർ ഛത്രത്ത് മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാൾ. ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു. മധുരൈ റെയിൽവേ സ്പെഷ്യൽ പൊലീസ് ടീമാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട് തെങ്കാശിക്ക് സമീപം റെയിൽവേ ഗേറ്റിലെ ഗാർഡ് റൂമിൽ രാത്രി ഒറ്റയ്ക്കായിരുന്ന മലയാളിയായ വനിതാ ഗേറ്റ് കീപ്പർക്ക് നേരെയാണ് മുഖത്ത് കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം പീഡിപ്പിക്കാൻ ശ്രമം നടന്നത്. ഫോൺ റിസീവറെടുത്ത് തലയ്ക്കടിച്ചു. ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചിഴയ്ക്കുകയായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.
തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയ കൊല്ലം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. അക്രമിയായ അനീഷ് കാക്കി പാന്റ്‌സ് മാത്രമാണ് ധരിച്ചിരുന്നത്.
തെങ്കാശിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാവൂർ ഛത്രം റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാർഡ് റൂമിൽ മൊബൈലിൽ നോക്കിയിരിക്കെ, പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വർണാഭരണങ്ങളാണ് ആവശ്യമെങ്കിൽ തരാമെന്ന് യുവതി പറഞ്ഞെങ്കിലും അതല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു അക്രമം.
ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന് ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചു. അതിനിടെ രക്ഷപ്പെട്ട് തൊട്ടടുത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. റെയിൽവേ ഗേറ്റിൽ നിന്ന് 500 മീറ്റർ അകലെ ഛത്രം റെയിൽവേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് യുവതി ഭർത്താവുമൊത്ത് താമസിക്കുന്നത്.
റെയിൽവേ സ്റ്റേഷന് സമീപത്തെ ഗേറ്റുകളിൽ ട്രാഫിക് വിഭാഗം ജീവനക്കാരെയും തുടർന്നുള്ള ഗേറ്റുകളിൽ എൻജിനിയറിംഗ് വിഭാഗത്തിലുള്ളവരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഛത്രം സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ അഞ്ച് ജീവനക്കാരും സ്ത്രീകളാണ്. അതിനാൽ രാത്രി ഡ്യൂട്ടി ഒഴിവാക്കാനാവില്ല. പുരുഷന്മാർക്ക് രാത്രി ഡ്യൂട്ടി നൽകുന്ന തരത്തിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ടെങ്കിലും നടപ്പായിട്ടില്ല.