ലഖ്നൗ: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്ന് ബിഎസ്പി. ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ബിഎസ്പിയുടെ മുതിര്‍ന്ന നേതാവ് ഖന്‍ശ്യാം കര്വാറാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇരു സീറ്റുകളിലേയ്ക്കും താമസിയാതെ ശക്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധി പിന്മാറിയ റായ്ബെറേലിയിലെ സിറ്റിങ്ങ് സീറ്റിലേയ്ക്കും 2019ല്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേഠിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ബിഎസ്പി നേട്ടം കോണ്‍ഗ്രസിന് വെല്ലുവിളിയാകും. റായ്ബെറേലിയില്‍ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിഎസ്പിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസും ബിജെപിയും നയിച്ച സര്‍ക്കാരുകളെ കണ്ടിട്ടുണ്ടെന്നും ഈ രണ്ട് പാര്‍ട്ടികളും ബഹുജന്‍ സമാജിനെ ചൂഷണം ചെയ്തെന്നും ഖന്‍ശ്യാം കര്‍വാര്‍ കുറ്റപ്പെടുത്തി. എന്‍ഡിഎയില്‍ നിന്നും ഇന്‍ഡ്യ മുന്നണിയില്‍ നിന്നും ബിഎസ്പി അകന്ന് നില്‍ക്കുമെന്നും ഉത്തര്‍പ്രദേശിലെ 80 സീറ്റിലേയ്ക്കും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുമെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷം സീറ്റിലും ബിഎസ്പി വിജയിക്കുമെന്നും ഖന്‍ശ്യാം കര്‍വര്‍ വെളിപ്പെടുത്തി.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രണ്ടാമതെത്തിയ ബിഎസ്പി 2014ല്‍ അരലക്ഷത്തിലധികം വോട്ടുകള്‍ അമേഠിയില്‍ നേടിയിരുന്നു. 2019ല്‍ ബിഎസ്പി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. റായ്ബെറേലിയിലും 2009ല്‍ ബിഎസ്പി രണ്ടാമതെത്തിയിരുന്നു. 2014ല്‍ ബിഎസ്പി ഇവിടെ 63633 വോട്ടുകള്‍ നേടിയിരുന്നു.