കൊല്ക്കത്ത: റെയിൽവേ സ്റ്റേഷനുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ബ്ലോഗർമാരോടും യൂട്യൂബർമാരോടും ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ. തങ്ങളുടെ അധികാര പരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകൾ എടുക്കുകയോ വീഡിയോകൾ നിർമ്മിക്കുകയോ ചെയ്യരുതെന്ന് ഈസ്റ്റേൺ റെയിൽവേ എല്ലാ വ്ളോഗർമാരോടും യൂട്യൂബർമാരോടും അഭ്യർത്ഥിച്ചു. ദേശീയ സുരക്ഷയുടെ താൽപ്പര്യാർഥമാണ് ഈ അറിയിപ്പ്. പാകിസ്ഥാനു വേണ്ടി ചാരവൃത്തി ആരോപിച്ച് ഹരിയാനയിലെ ജ്യോതി മൽഹോത്ര എന്ന യൂട്യൂബർ അറസ്റ്റിലായതിന് ദിവസങ്ങൾക്കകമാണ് ഈസ്റ്റേൺ റെയിൽവേയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷണം വർധിപ്പിക്കണമെന്നും പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോകൾ ആർക്കും എടുക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റേഷൻ പരിസരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് ഈസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു. ഇപ്പോൾ രാജ്യത്തുടനീളം ഉയർന്നുവരുന്ന സാഹചര്യവും സുരക്ഷാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് നിരീക്ഷണം വർധിപ്പിക്കാൻ തീരുമാനിച്ചതായും അധികൃതർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില വ്ളോഗർമാരും യൂട്യൂബർമാരും റെയിൽവേ സ്റ്റേഷനുകളുടെ ‘വീഡിയോ ബ്ലോഗുകൾ’ നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് വളരെ ആശങ്കാജനകമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും മണ്ഡലങ്ങളിലും നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും എന്നാൽ ചില ആളുകൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. എല്ലാ ബ്ലോഗർമാരോടും യൂട്യൂബർമാരോടും ഇത്തരം പ്രവർത്തനങ്ങളിൽ ഇനി ഏർപ്പെടരുതെന്ന് അഭ്യർഥിക്കുന്നുവെന്നും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം ഒരു പരിപാടി റിപ്പോർട്ട് ചെയ്യേണ്ടി വന്നാൽ മാധ്യമങ്ങൾക്കും വാർത്താ ചാനലുകൾക്കും അതിന് പ്രത്യേക അനുമതി നൽകുമെന്ന് റെയിൽവേ വക്താവ് പറഞ്ഞു. എന്നാൽ സാധാരണ പൗരന്മാർക്ക് സ്റ്റേഷന്റെയോ പരിസരത്തിന്റേയോ ഫോട്ടോ എടുക്കാനോ വീഡിയോകൾ എടുക്കാനോ അനുവാദമില്ലെന്നും വക്താവ് പറഞ്ഞു. അത്തരം നിയന്ത്രണങ്ങൾ ഇതിനകംതന്നെ നിലവിലുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അവ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റെയിൽവേ അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.