തിരുവനന്തപുരം: വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ രുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 ആം തീയതിയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരുമെങ്കിലും അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണെന്നാണ് പ്രവചനം. അതേസമയം മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.