തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടത്തരം മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
വടക്ക്-കിഴക്കൻ മദ്ധ്യപ്രദേശ് മേഖലയ്‌ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതായും കേരളത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കടല്‍ തീരങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കടലാക്രമണമുണ്ടാവാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത് കുറയ്‌ക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.