കേരളത്തിൽ ചൂടിന് ആശ്വാസമായി വീണ്ടും മഴ എത്തുന്നു; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കാറ്റിനും മഴയ്ക്കും സാധ്യത; യെല്ലോ അല‌ർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

Advertisements

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പുല‍ർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യുവി ഇൻഡെക്സ് ഓറഞ്ച് ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡെക്സ് 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്നത്. ഈ ജില്ലകളിൽ അതീവ ജാഗ്രത പുല‍ർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Hot Topics

Related Articles