തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷണങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് തോട്ട്മുക്കം യു പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്‌കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. സ്‌കൂള്‍ പൂട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം. തിരുവനന്തപുരം നഗര ഗ്രാമീണ മേഖലകളില്‍ നല്ല മഴ ലഭിച്ചു. തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും.