ചെന്നൈ: വടക്കുകിഴക്കൻ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ ജില്ലകളിലെ കോളേജുകള്‍ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്ലോണ്‍ സ്കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടർ ടി ചാരുശ്രീ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്കുകിഴക്കൻ മണ്‍സൂണ്‍ ശക്തി പ്രാപിച്ചത് മൂലമുണ്ടായ മഴ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കൻ ജില്ലകളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതല്‍ സങ്കീർണ്ണമാക്കി. തമിഴ്നാടിൻ്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുനെല്‍വേലി, തൂത്തുക്കുടി, കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.