ദില്ലി: ദില്ലിയിൽ അതിശക്തമായ മഴയും കാറ്റും. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതോടൊപ്പം ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായി.
ഡൽഹിയിൽ വിമാന സർവ്വീസുകളെ ബാധിച്ചു. 46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് ഇറങ്ങാനായത്. പുറപ്പെടുന്ന സമയം 54 മിനിറ്റ് വരെ വൈകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ദില്ലിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. ഇത് വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം. തടസ്സം ഇല്ലാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു”- എയർ ഇന്ത്യ എക്‌സിൽ വ്യക്തമാക്കി.
ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ പെയ്തതോടെ താപനിലയിൽ കുറവുണ്ടായി.