ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഈ ആഴ്ച ആരംഭിച്ച മൺസൂൺ മഴയെത്തുടർന്നുണ്ടായ കനത്ത മഴയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും 16 കുട്ടികളടക്കം 32 പേർ മരിച്ചു. മരണം ദുരന്ത നിവാരണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും വീടുകളുടെ മേൽക്കൂരകൾ തകർന്നു വീണതിലും എട്ട് കുട്ടികളടക്കം 19 പേർ മരിച്ചതായി ഖൈബർ പാക്തുൺഖ്വ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആകെ മരണപ്പെട്ടവരിൽ 13 പേർ വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിൽ നിന്നുള്ളവരാണ്.
ബുധനാഴ്ച മുതൽ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലുമായി 13 പേർ മരിച്ചതായി അവിടുത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയിൽ മതിലുകളും മേൽക്കൂരകളും തകർന്നുവീണാണ് എട്ട് കുട്ടികൾ മരിച്ചത്. ഖൈബർപാക്തുൺഖ്വയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 56 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആറ് വീടുകൾ പൂർണ്ണമായി നശിക്കുകയും ചെയ്തതായി ദുരന്ത അതോറിറ്റി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത ചൊവ്വാഴ്ച വരെയെങ്കിലും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം, തെക്കേഷ്യൻ രാജ്യത്ത് കനത്ത കൊടുങ്കാറ്റിൽ 32 പേർ മരിച്ചിരുന്നു. ശക്തമായ ആലിപ്പഴ വർഷം ഉൾപ്പെടെ നിരവധി അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ അടുത്തിടെ പാകിസ്ഥാനിൽ ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ലോകത്ത് ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. 240 ദശലക്ഷം വരുന്ന അവിടുത്തെ ജനങ്ങൾ വർദ്ധിച്ചുവരുന്ന തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളിലൂടെയാണ് അടുത്ത വര്‍ഷങ്ങളിൽ കടന്നുപോകുന്നത്.