കണ്ണൂർ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിൽ; കൂരിയാട് തകർന്ന ദേശീയപാതയിൽ കൂടുതൽ മണ്ണിടിച്ചിൽ; ജാ​ഗ്രതാ നിർദേശം

കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായി. തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം വഴി ഗതാഗതം തിരിച്ചുവിട്ടു. നിലവിൽ കണ്ണൂരിലും കാസർകോടിലും മഴ തുടരുകയാണ്. 

Advertisements

അതേസമയം, മഴ കനത്തതോടെ കൂരിയാട് തകർന്ന ദേശീയപാത കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ദേശീയപാതയിൽ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഒരു കിലോമീറ്റർ ദൂരം റോഡ് പൂർണമായും പുനർ നിർമ്മിക്കണമെന്ന വിദഗ്ധസമിതി നിർദ്ദേശത്തെ ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂർ മാത്രമാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Hot Topics

Related Articles