തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെ കടന്നാക്രമിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ മല്ലികാർജുൻ ഖാർഗെയെ പുറത്തു നിർത്തിയെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റിട്ടതോടെയാണ് വാക്പോരിന്‍റെ തുടക്കം.
തുടർന്ന് മറുപടിയുമായി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. നല്ല മക്കൾ പിതാവിന്‍റെ ആത്മാഭിമാനം സംരക്ഷിക്കാൻ പൊരുതുമെങ്കിൽ, പ്രിയങ്കിന് കോണ്‍ഗ്രസിലെ കുടുംബാധിപത്യ രീതി പ്രകാരം അച്ഛന്‍റെ പദവി ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കാൻ മാത്രമാണ് താൽപ്പര്യമെന്ന് രാജീവ് ചന്ദ്രശേഖർ തിരിച്ചടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പ്രിയങ്ക ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു ഖാർഗെ സാഹേബ്? പുറത്തു നിർത്തപ്പെട്ടു, കാരണം കുടുംബത്തിൽപ്പെട്ടതല്ല’ എന്നാണ് രാജീവ് ചന്ദ്രശേഖർ എക്സിൽ പോസ്റ്റ് ചെയ്തത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് പോലും അറിയില്ലേ എന്ന ചോദിച്ച് പ്രിയങ്ക് ഖാർഗെ പിന്നാലെ രംഗത്തെത്തി. നാമനിർദേശ പ്രത്രിക സമർപ്പിക്കുമ്പോൾ ചേംബറിൽ അഞ്ച് പേരേ ഉണ്ടാവാൻ പാടുള്ളൂവെന്ന കളക്ടറുടെ ഉത്തരവ് അനുസരിച്ചാണ് ഖാർഗെ പുറത്തുനിന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.
പിന്നാലെ പ്രിയങ്കിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തത്തി. ഏതൊരു നല്ല മകനും പിതാവിന്‍റെ ആത്മാഭിമാനം സംരക്ഷിക്കാൻ പോരാടും. ഖാർഗെയെ പുറത്തുനിർത്തിയതു പോലുള്ള അപമാനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. എന്നാൽ കോണ്‍ഗ്രസ് കുടുംബാധിപത്യ രീതി അനുസരിച്ച് പിതാവിന്‍റെ പദവി ചൂഷണം ചെയ്ത് പണവും ഭൂമിയും സമ്പാദിക്കാനാണ് താൽപ്പര്യമെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പിതാവിനുണ്ടാകുന്ന അപമാനമൊന്നും പ്രിയങ്ക് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.