ന്യൂഡൽഹി : രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാത ‘ കർത്തവ്യ പഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ പുതുക്കി പണിതത്.
ഇതുവരെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനർ നാമകരണം ചെയ്യാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്. 28 അടി ഉയരവും 280 മെട്രിക് ടൺ ഭാരവുമുള്ളതാണ് നേതാജി പ്രതിമ. രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെടുന്ന പ്രദേശമാണ് ‘കർത്തവ്യപഥ്’. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് എന്ന് പുനർനാമകരണം ചെയ്തത്. എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡ് ഇതിലൂടെയാണ്. വെള്ളിയാഴ്ച മുതൽ കർത്തവ്യപഥ് പൂർണമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തിടങ്ങളിൽ ചെറുകിട വ്യാപാരശാലകൾ, വിവിധ സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകൾ, ഐസ്ക്രീം വെൻഡിംഗ് സോണുകൾ, ഇന്ത്യാ ഗേറ്റ് പരിസരത്ത് 16.5 കിലോമീറ്റർ കാൽനടപ്പാത, പാർക്കിംഗ് ഇടങ്ങൾ, 900ലധികം പുതിയ വിളക്കുകാലുകൾ, മലിനജല പുനരുപയോഗ പ്ലാന്റ്, പൊതു ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണി, പുതിയ ജലസേചന സംവിധാനം തുടങ്ങിയവയാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ സവിശേഷതകൾ.