കൊളംബോ: റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു അധികാരമേല്‍ക്കല്‍. ഇത് ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അതേസമയം ലങ്കന്‍ പ്രസിഡന്റിനെതിരായ പ്രമേയം അടുത്ത ചൊവ്വാഴ്ച്ച ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദ രജപക്സെ ഉള്‍പ്പടെ 13 പേര്‍ക്ക് കോടതി യാത്രാവിലക്ക്ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ അപ്രമാദിത്വം പുലര്‍ത്തി പോന്ന രജപക്സെ കുടുംബം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മഹിന്ദയുടെ ഇളയസഹോദരന് ഗോതബയ രജപക്സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാന്‍ഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തില്‍ ബാക്കിയുള്ള രജപക്സെ കുടുംബാംഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്കി പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്.