കലയോളത്തിന് വർണ്ണാഭമായ തുടക്കം : രാമപുരം ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

കുറിച്ചിത്താനം: രാമപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. രാവിലെ 9 ന് കുറിച്ചിത്താനം കാരിപ്പടവത്ത് കാവ് മൈതാനത്തുനിന്ന് ആരംഭിച്ച വർണ്ണാഭമായ വിളംബര ഘോഷയാത്ര മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പ്രസിഡൻ്റ് എം.എം. തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യത്തിൻ്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര കലോത്സവ നഗരിയിലെ മുഖ്യവേദിയായ മോഹനത്തിന് (വനമാല ഹാൾ) മുൻപിൽ എത്തിച്ചേർന്നു. തുടർന്ന് മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ പതാക ഉയർത്തിയോടെ കലയോളത്തിന് ശുഭാരംഭമായി. ഒന്നാം ദിനമായ ഇന്ന് 9 വേദികളിലായി പ്രധാനമായും രചനാ മത്സരങ്ങൾ സംഘഗാനം മുതലായവയാണ് നടക്കുന്നത്.ഔദ്യോഗിക ഉദ്ഘാടനം രണ്ടാം ദിനമായ തിങ്കളാഴ്ച രാവിലെ 10 ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യാതിഥിയാകും. 22 ന് നടക്കുന്ന സമാപന സമ്മേളനം മാണി സി. കാപ്പൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യാതിഥിയാകും.

Advertisements

Hot Topics

Related Articles