വൈക്കം: വൈക്കം സത്യഗ്രഹ സമര സേനാനി തന്തെ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ വൈക്കത്തെ സ്മാരകമന്ദിരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തമിഴ്നാട് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ് 4,14, 94264 രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 64.46 സെന്റ് വിസ്തൃതിയിലാണ് തന്തെ പെരിയോർ സ്മാരകം സ്ഥിതി ചെയ്യുന്നത്. സ്മാരകത്തിലെ മ്യൂസിയം 3024 ചതുര അടിയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കോടു കൂടിയാണ് പുനർ നിർമ്മിക്കുന്നത്. ലൈബ്രറിയും അതിഥി മന്ദിരവും 3457 ചതുരശ്ര അടിയിലാണ് പുനർ നിർമ്മിക്കുന്നത്. തന്തെ പെരിയോർസ്മാരകത്തിന്റെ പ്രവേശന കവാടം കമനീയമായ അലങ്കാര ഗോപുരത്താൽ മിഴിവേകും. ആംഫി തിയേറ്റർ, അത്യാധുനിക ശുചി മുറി സമുച്ചയം, കുട്ടികളുടെ പാർക്ക്, സ്മാരക വളപ്പ് സൗന്ദര്യവത്ക്കരിച്ച് പുൽത്തകിടി തീർത്ത് കമനീയമാക്കും. നവംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്മാരകം നാടിന് സമർപ്പിക്കാനുള്ള നടപടികളാണ് ദ്രുതഗതിയിൽ നടന്നു വരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി വേലു സ്മാരകം സന്ദർശിച്ചിരുന്നു.