തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളത്. സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിൽ യോജിപ്പും ഐക്യവും അനിവാര്യമാണ്. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അത് അനുസരിച്ച് ഒറ്റക്കെട്ടായി പോകണം. കൂട്ടായിട്ടുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാ കാലവും ചെയ്തിട്ടുള്ളത്. ഇപ്പോഴും അത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യാതൊരു പ്രശ്നവുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് തലവേദനയുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. അങ്ങനെയൊരു തലവേദനയും കോൺഗ്രസിനില്ല. കോൺഗ്രസിന് ആരും ക്ഷണം കൊടുത്തിട്ടില്ല, കൊടുത്തത് സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമാണ്. 23 വരെ സമയമുണ്ട്. അതിനുള്ളിൽ എന്ത് വേണമെന്നതിൽ ആലോചിച്ച് തീരുമാനമെടുക്കും. അതിന് മുമ്പ് ബഹളമുണ്ടാക്കേണ്ട കാര്യമില്ല. വിഷയത്തിൽ കൃത്യമായ നിലപാട് എഐസിസിയ്ക്ക് ഉണ്ടാകും. വിഷയത്തിൽ പാർട്ടിയെടുക്കുന്ന തീരുമാനം തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നവകേരള സദസ്സ് കൊണ്ട് കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും യാതൊരു ഗുണവുമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ചെലവിൽ നടത്തിയ മാമാങ്കമാണ്. അത് ഇനിയൊരു നാല് ദിവസം കൂടി നടത്തിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. 16 ലക്ഷത്തോളം പരാതികൾ ലഭിച്ചു. ആ പരാതികളിൽ ഒന്നിനും പരിഹാരമുണ്ടാകാൻ പോകുന്നില്ല. നാടിനും ജനങ്ങൾക്കും ഈ സദസ്സ് കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.