അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ 22-ന് പ്രതിഷ്ഠിക്കാനൊരുങ്ങുന്ന രാംലല്ല വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു. 150 മുതല്‍ 200 കിലോ ഗ്രാം വരെ തൂക്കം വരുന്ന വിഗ്രഹം മൈസുരുവില്‍ നിന്നുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് ആണ് കൊത്തിയെടുത്തത്. വിഗ്രഹം ക്ഷേത്രത്തില്‍ എത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജൻസികള്‍ പുറത്തുവിട്ടു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ 22-ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനായിരിക്കുമെന്ന് ചടങ്ങുകളുടെ മുഖ്യപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു. പ്രാണപ്രതിഷ്ഠയുടെ മുന്നോടിയായി ചൊവ്വാഴ്ച തുടങ്ങിയ ചടങ്ങുകള്‍ക്ക് ഭാര്യയോടൊപ്പം കാര്‍മികത്വം വഹിക്കുന്ന രാമക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര പ്രതിഷ്ഠാദിനത്തില്‍ യജമാനനാകുമെന്ന റിപ്പോര്‍ട്ടുകള്‍ ദീക്ഷിത് നിഷേധിച്ചു.
”സാധാരണഗതിയില്‍ ഒരു പൂജയുടെ പ്രധാന ആതിഥേയനാണ് യജമാനൻ. ആരുടെ പേരിലാണോ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നത് അദ്ദേഹമായിരിക്കും യജമാനൻ” -ദീക്ഷിത് പറഞ്ഞു. ബുധനാഴ്ച ബാലരാമന്റെ വെള്ളി വിഗ്രഹവുമായി രാമക്ഷേത്രപരിസരത്ത് പുരോഹിതരുടെ നേതൃത്വത്തില്‍ പര്യടനം നടത്തി. പുഷ്പങ്ങളാല്‍ അലങ്കരിച്ച പല്ലക്കിലായിരുന്നു വിഗ്രഹം. 22-ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹം ഇതല്ല. അയോധ്യയിലെ പ്രതിഷ്ഠയായ ബാലരാമവിഗ്രഹത്തില്‍ അണിയിക്കുന്ന ഉടയാടകള്‍ നെയ്തത് 12 ലക്ഷം പരമ്പരാഗത നെയ്ത്തുകാര്‍ ചേര്‍ന്ന്. പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത കൈത്തറി റിവൈവല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റിന് ബുധനാഴ്ച കൈമാറി.