റാങ്ക്​ലിസ്​റ്റിൽ 45 പേർ, ഒഴിവ്​ 60 ൽ ഏറെ; എൽ.പി സ്​കൂൾ അധ്യാപക നിയമനമില്ല ; ജീവിതം വഴിമുട്ടി സമരത്തിനിറങ്ങാനൊരുങ്ങി എൽ.പി,യു,പി റാങ്ക്​ ഹോൾഡേഴ്​സ്​

കോട്ടയം: റാങ്ക്​ ലിസ്​റ്റിൽ അവശേഷിക്കുന്നവരേക്കാൾ ഒഴിവുകളുണ്ടായിട്ടും നിയമന നടപടികൾ ഇഴയുന്നതിനെതിരെ എൽ.പി,യു,പി റാങ്ക്​ ഹോൾഡേഴ്​സ്​ അസോസിയേഷൻ സമരത്തിലേക്ക്. റാങ്ക്​​ ലിസ്​റ്റിന്റെ കാലാവധി ഡിസംബർ 28 ന്​അവസാനിക്കാനിരിക്കെയാണ്​ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്​. 2017 ജനുവരി 21 ന്​ നടന്ന പരീക്ഷയുടെ അടിസ്​ഥാനത്തിൽ 2018 ഡിസംബർ 28 നാണ്​ റാങ്ക്​ ലിസ്​റ്റ്​ നിലവിൽ വന്നത്​. 2019-20,2020-21 അധ്യയനവർഷങ്ങളിൽ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പ്രമോഷൻ മൂലം 74 ഒഴിവുകൾ ആണ് കോട്ടയം ജില്ലയിൽ നിലവിലുള്ളത്. ഇതിൽ 60 ൽ ഏറെ ഒഴിവുകൾ എൽ.പി. സ്കൂളുകളിലാണ്​. എൽ.പി.എസ്​.എ റാങ്ക്​ ലിസ്​റ്റിൽ നിയമനം കിട്ടാൻ അവശേഷിക്കുന്നത്​ 45 പേർ മാത്രമാണ്​. റാങ്ക്​ ലിസ്​റ്റിലുള്ള എല്ലാവരെയും നിയമിച്ചാലും ഒഴിവുകൾ ബാക്കിയാവുന്ന സ്ഥിതിയാണ്​ കോട്ടയം ജില്ലയിലേത്​. കോടതിയിൽ സീനിയോറിറ്റി തർക്കം നിലനിന്നത് കാരണം പ്രധാനാധ്യാപകരുടെ നിയമനം സ്​തംഭിച്ചിരുന്നു. സർക്കാർ രണ്ടു തവണ പ്രൊമോഷൻ നടത്തുവാൻ ഓർഡർ ഇറക്കിയെങ്കിലും അത് കോടതി തടഞ്ഞു. സീനിയോറിറ്റി പരിഗണിച്ചു കൊണ്ട് താൽക്കാലിക പ്രൊമോഷൻ നടത്തുവാനും അത് മൂലം ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്​.സിയിൽ റിപ്പോർട്ട്‌ ചെയ്യുവാനും ഒക്​ടോബർ 24 ന്​ ഓർഡർ വന്നു എങ്കിലും അതും സ്റ്റേയിലായി. എന്നാൽ സ്റ്റേ വരുന്നതിന് മുൻപ് ധാരാളം അധ്യാപകർ സ്​ഥാനക്കയറ്റം നേടിയിരുന്നു പക്ഷെ ഈ ഒഴിവുകളിൽ താൽക്കാലിക അധ്യാപക നിയമനം ആണ് നടത്തിയത്. സ്​റ്റേ നിലനിൽക്കുന്നതിനാൽ പി.എസ്​.സിയിൽ റിപ്പോർട്ട്‌ ചെയ്യുവാൻ കഴിയില്ല എന്നാണ് അധികൃതർ പറയുന്നത്. രണ്ടു വർഷം ആയി സ്റ്റാഫ്‌ ഫിക്​സേഷൻ നടത്താത്തിനാൽ അതുവഴി ഉണ്ടാകേണ്ട ഒഴിവുകളും ഉണ്ടായിട്ടില്ല. 2022 ജനുവരി 17 വരെയാണ്​ സ്​റ്റേയുടെ കാലാവധി. എന്നാൽ റാങ്ക്​ലിസ്​റ്റ്​ ഡിസംബർ 28 ന്​ അവസാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ ആറു മുതൽ സമരം തുടങ്ങുമെന്ന്​ റാങ്ക്​ ഹോൾഡേഴ്​സ്​ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.