പത്തനംതിട്ട: റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കടുവ സെന്‍സസ് പൂര്‍ത്തിയാക്കി. 150 വനപാലകരുടെ സംഘം 8 ടീമുകളായി തിരിഞ്ഞാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 5 പേര്‍ അടങ്ങുന്ന ഓരോ ടീമും 20 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതി വരുന്ന സ്ഥലങ്ങളാണ് നിരീക്ഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. സെന്‍സസില്‍ പങ്കെടുത്ത പച്ചക്കാനം, പ്ലാപ്പള്ളി, ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതായി സൂചിപ്പിച്ചു. സെന്‍സസ് റിപ്പോര്‍ട്ട് വരുംദിവസം പെരിയാര്‍ ഫൗണ്ടേഷനു കൈമാറും.
ഡിവിഷന്റെ പരിധിയിലെ 1050 സ്‌ക്വയര്‍ കിലോമീറ്റര്‍ വനമേഖലയിലെ സെന്‍സസ് കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഉള്‍വനങ്ങളില്‍ തമ്പടിച്ച് കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയോടെ മാതൃസ്റ്റേഷനുകളില്‍ എത്തി. കടുത്ത കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണത്തെ സെന്‍സസെന്ന് പച്ചക്കാനം സ്റ്റേഷന്‍ ഡപ്യൂട്ടി റേഞ്ചര്‍ എസ്.അനില്‍കുമാര്‍ പറയുന്നു. കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടത് പച്ചക്കാനം സ്റ്റേഷനിലെ സെന്‍സസ് ഉദ്യോഗസ്ഥരാണെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എം-സ്‌ട്രൈപ്‌സ് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് ഡേറ്റ ശേഖരിക്കുന്നത്. ജിപിഎസ് സഹായത്തോടെ തയാറാക്കുന്ന വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെങ്കില്‍ സെന്‍സസ് ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. കാട്ടാനകള്‍, കാട്ടുപോത്ത് എന്നിവയുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് വന്നിരിക്കുന്നതെന്ന് വനപാലകര്‍ പറയുന്നു. ഇവയുടെ ആവാസ വ്യവസ്ഥയ്ക്കു അനുകൂലമായ ഘടകങ്ങളാണ് റാന്നി ഡിവിഷനിലെ മിക്ക കാടുകളിലും ഉള്ളത്. ഇതിനു മുന്‍പ് 2018ലാണ് കടുവ സെന്‍സസ് നടന്നത്.