റാന്നി: ശബരിമലയുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന ഫണ്ട് കൃത്യമായ രീതിയില്‍ വിനിയോഗിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്തവര്‍ഷം പ്രവര്‍ത്തനം അനുസരിച്ച് മാത്രമായിരിക്കും ഫണ്ട് അനുവദിക്കുകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ച 38 തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറു നഗരസഭകള്‍ക്കായി 1.05 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന തുക വിനിയോഗിക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഫണ്ട് വിനിയോഗത്തില്‍ വീഴ്ചകള്‍ ഉണ്ടാകാതെ മുന്നോട്ടു പോകാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിശ്രമിക്കണം.
ഇടത്താവളങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം കണ്ടെത്തണം. തിരക്ക് കൂടുമ്പോള്‍ മാലിന്യ സംസ്കരണവും പ്രയാസമാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യ സംസ്കരണത്തിന്
ഹരിതകര്‍മ്മ സേനയെ നിയോഗിക്കണം. ഇനിയും, കടവുകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത പഞ്ചായത്തുകള്‍ കാലതാമസം കൂടാതെ അവ സ്ഥാപിക്കണം. ഇതിനോടകം പല പഞ്ചായത്തുകളും വിവിധ ഭാഷകളിലായുള്ള സുരക്ഷാ ബോര്‍ഡുകളും ബാരിക്കേടുകളും കുളികടവുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. തീര്‍ഥാടകരെത്തുന്ന ഭക്ഷണശാലകളില്‍ വില, അളവ്, ശുചിത്വം എന്നിവയുടെ പരിശോധന പഞ്ചായത്തുകള്‍ കൃത്യമായി നടത്തുന്നുണ്ട്.
എന്നിരുന്നാലും, തിരക്ക് കൂടുന്നതിന് അനുസരിച്ച് പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടത്തണമെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. തീര്‍ഥാടകര്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന ഇടങ്ങളിലും ഭക്ഷണശാലകളിലും ഇവരുടെ കൈവശമുള്ള പ്ലാസ്റ്റിക് സ്വീകരിക്കുന്നതിനായി എട്ട് സ്ഥലങ്ങളില്‍ 45 ഹരിത കര്‍മ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എരുമേലിയിലെ ഹരിത ചെക്ക്പോസ്റ്റ് മാതൃക ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. സുമേഷ്, കോട്ടയം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഇടുക്കി പഞ്ചായത്ത് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഷാജി, എന്നിവര്‍ക്കു പുറമേ ശബരിമല തീര്‍ഥാടനത്തിന് പ്രത്യേക ധനസഹായ ഫണ്ട് അനുവദിച്ച പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും ജനപ്രതിനിധികളും പങ്കെടുത്തു.