ലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാൻ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരൻ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷൻസ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്.അതിജീവിതയുടെ പുതിയ മൊഴിയില്‍ ആണ്‍സുഹൃത്ത് പ്രതിയായി.
2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവർ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികൻ ഈ കുടുംബവുമായി അടുപ്പത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതർ ആലപ്പുഴ നോർത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവർ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികൻ റിമാൻഡില്‍ കഴിയവേ 2023-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി.
പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി, താൻ നല്‍കിയ മൊഴി തെറ്റാണെന്ന് കോടതിയില്‍ പറഞ്ഞത്. തന്റെ ആണ്‍സുഹൃത്തിനെതിരെ കോടതിയില്‍ മൊഴിയും നല്‍കി. ആണ്‍ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്നും കുട്ടി കോടതിയില്‍ വെളിപ്പെടുത്തി. ഇതേ തുടർന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.
ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴ നോർത്ത് പോലീസ് പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്സോ കോടതിയുടെ പരിഗണനയിലാണ്. ഒടുവില്‍, 285 ദിവസത്തെ ജയില്‍വാസത്തിന് ശേഷം വയോധികന് ജാമ്യം ലഭിച്ചു. അതേസമയം, പുതിയ കേസ് വന്നെങ്കിലും വയോധികനെതിരെയുള്ള കേസ് അവസാനിപ്പിച്ചിരുന്നില്ല.
വയോധികനെതിരെ പോക്സോ കേസ് തുടരാൻ കോടതിയില്‍ പോലീസ് അഡീഷണല്‍ കുറ്റപത്രം സമർപ്പിച്ചു. വയോധികൻ നിരപരാധിയാണെന്ന് പെണ്‍കുട്ടി വീണ്ടും കോടതിയില്‍ മൊഴി നല്‍കി. ക്ലാസ് ടീച്ചർ ഉള്‍പ്പെടെ ഒമ്ബത് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി കുറ്റക്കാരനല്ലെന്ന് ജഡ്ജി റോയ് വർഗീസ് വിധിച്ചു. പ്രതിയ്ക്കുവേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവർ കോടതിയില്‍ ഹാജരായി.