വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയിട്ടുണ്ട്.
വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ അവസരം നേടുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ മനസിലാക്കുന്നു,’ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി. ഏപ്രില്‍ 22നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. വിജയ് ബാബുവിനെതിരെ ഇന്നലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. തന്റെ നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.