ദില്ലി: 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ. രാജസ്ഥാനിലെ ഭിൽവാരയിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ജഡ്ജി അനിൽ ഗുപ്ത വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. കാലു, കൻഹ എന്നീ സഹോദരങ്ങളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചത്. തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് കേസിലെ പ്രതികളായ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ മറ്റ് ഏഴ് പേരെയും കോടതി വെറുതെവിട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കുറ്റവിമുക്തരാക്കിയ രണ്ട് സ്ത്രീകൾ പ്രതികളുടെ ഭാര്യമാരാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മഹാവീർ സിംഗ് കിഷ്‌നാവത്താണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരായത്. കന്നുകാലികളെ മേയ്ക്കാനെത്തിയ പെൺകുട്ടിയാണ് പ്രതികളുടെ ക്രൂരതക്ക് ഇരയായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് രാത്രി 10 മണിയോടെ സമീപത്തെ ചൂളയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ കീറിയ വസ്ത്രങ്ങളും ചെരിപ്പുകളും സമീപത്ത് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൂളയിൽ നിന്ന് എല്ലുകളും പകുതി കത്തിയ ശരീരഭാഗങ്ങളും കണ്ടെടുത്തു. തുടർന്ന് ശരീരഭാഗങ്ങളുടെ ഫോറൻസിക് പരിശോധനയിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചതാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ സഹോദരങ്ങൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വടികൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കത്തിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.