ലക്നൗ : 17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്ത്തി യുപി പോലീസ് . ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ കൊലപ്പെടുത്തിയത് . ഷെഹ്വാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ഹൻസ്വാര്‍ ഹിരാപൂര്‍ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം. രാംരാജി ഇന്റര്‍ കോളേജില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന 17 വയസുകാരി വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഷാവാസും അര്‍ബാസും പിന്നാലെ വന്ന് ഷാളില്‍ പിടിച്ചു വലിച്ചു. നിയന്ത്രണം തെറ്റി നടുറോഡില്‍ വീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ഫൈസല്‍ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
കേസില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൂന്ന് പ്രതികളും പോലീസുകാരില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു .മൂന്നാം പ്രതി ഓടുന്നതിനിടയില്‍ വീണ് കാലൊടിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ എട്ട് വര്‍ഷം മുൻപ് മരണപ്പെട്ടിരുന്നു . പിന്നീട് മകള്‍ക്ക് വേണ്ടിയായിരുന്നു പിതാവിന്റെ ജീവിതം . ഇന്ന് തന്റെ ആകെ ആശ്രയമായിരുന്ന മകളെയും ആ സാധു പിതാവിന് നഷ്ടമായി.