തൃശൂര്‍: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവ് ശിക്ഷ. നാട്ടിക സ്വദേശി ഉണ്ണിയാരംപുരയ്ക്കല്‍ വീട്ടില്‍ ബിജു (41) വിനെ ആണ് 25 വര്‍ഷം കഠിനതടവിനും 250000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി ആര് രവിചന്ദര്‍ വിധി പ്രസ്താവിച്ചത്. 2016 ജൂലൈ എട്ടിന് വൈകിട്ട് 3:30ന് യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അടുക്കള വാതില്‍ വഴി പ്രവേശിച്ച പ്രതി ബധിരയും മൂകയുമായ യുവതിയെ ബലാത്സംഗം ചെയ്ത് ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. വലപ്പാട് പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തു നിന്നും 26 സാക്ഷികളെയും 25 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. വലപ്പാട് സി ഐമാരായിരുന്ന രതീഷ് കുമാര്‍, സി ആര് സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല , അഡ്വ. കെ എന്‍ സിനിമോള്‍ എന്നിവര്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി ആര് രജനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിജീവിത ബധിരയും മൂകയും ആയതിനാല്‍ പരിഭാഷകയുടെ സഹായത്തോടെയാണ് കോടതിയില്‍ തെളിവുകള്‍ നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിനതടവിനും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുന്നുവെന്നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി ആര് രവിചന്ദര്‍ വിധി പ്രസ്താവിച്ചത്.
പിഴയൊടുക്കാതിരുന്നാല്‍ 15 മാസം തടവ് ശിക്ഷ അധികമായി നൽകണമെന്നും വിധിച്ചിട്ടുണ്ട്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സഖ്യ ഈടാക്കി അതിജീവിതയ്ക്ക് നഷ്ടപരിഹാരം ആയി നല്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.