കൊച്ചി: പോക്സോ കേസിനു പിന്നാലെ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതികൾക്കുമെതിരേ കൂടുതൽ പരാതികൾ. ഒമ്പതു പേരാണു മാനഭംഗശ്രമം ആരോപിച്ചു പോലീസിൽ പരാതി നൽകിയത്. മോഡലിങ്ങിൽ താത്പര്യമുള്ള പെൺകുട്ടികളെ ഹോട്ടലിലെത്തിച്ചശേഷം ശീതളപാനിയത്തിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം.
അതേസമയം, പ്രത്യേകസംഘം രൂപവത്ക്കരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതിനു പിന്നാലെ ഇന്നലെ സന്ധ്യയോടെ, കേസിൽ കുറ്റോരോപിതയായ അഞ്ജലി റീമ ദേവ് എറണാകുളം ഡി.സി.പി. ഓഫീസിലെത്തി ഡി.സി.പി: വി.യു. കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അഞ്ജാതകേന്ദ്രത്തിലായിരുന്ന അഞ്ജലി ആരോപണങ്ങൾ നിഷേധിച്ച് ഇന്നലെയും ഫെയ്സ് ബുക്ക് ലൈവിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വട്ടിപ്പലിശക്കാരിയായ സ്ത്രീയാണ് തനിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നാണ് അഞ്ജലിയുടെ ആരോപണം. റോയ് വയലാറ്റ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വാക്കാൽ നിർദേശം നൽകിയതിനാൽ അതിനു ശേഷമായിരിക്കും പ്രതികളെ വിശദമായി ചോദ്യംചെയ്യുക.
കേസിൽ അഞ്ജലിയെ പ്രതിചേർക്കും. അഞ്ജലിക്കെതിരേ നിർണായക തെളിവുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഹോട്ടലിൽവച്ച് റോയ് വയലാറ്റ് ലൈംഗിക ചൂഷണത്തിനിരയാക്കി എന്നായിരുന്നു ആരോപണം. അഞ്ജലിയുംസൈജുവും ചേർന്നാണു പെൺകുട്ടിയെ ഹോട്ടലിലെത്തിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ ശക്തമായ നടപടിക്കു പൊലീസ് ഒരുങ്ങവെയാണു റോയിക്കും കൂട്ടുപ്രതികൾക്കുമെതിരേ സമാന ആരോപണങ്ങൾ ഉന്നയിച്ചു കൂടുതൽ പേർ രംഗത്തെത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതി പ്രായപൂർത്തിയാകാത്ത മകളുമൊത്തു ഡി.ജെ. പാർട്ടി നടക്കുന്ന ഹോട്ടലിൽ എത്തിയതിന്റെ തെളിവുകളും പോലീസിനു കൈമാറിയിട്ടുണ്ട്. അഞ്ജലിയെ കണ്ടെത്താൻ നേരത്തെ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എ.സി.പി: ബിജി ജോർജ്, സി.ഐമാരായ ബിജു, അനന്തലാൽ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്.
ഒളിവിലിരുന്ന് അഞ്ജലി വീഡിയോയും വോയ്സ് മെസേജുകളും അയയ്ക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ഇന്നലെ അഞ്ജലി പുറത്തുവിട്ട വീഡിയോയിൽ പോക്സോ കേസിലെ ഇരയുടെ പേര് പരാമർശിച്ചതും വിവാദമായി. ഇതു പരിശോധിച്ചു നടപടിയെടുക്കുമെന്നു ഡി.സി.പി. അറിയിച്ചു. നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടി കഴിഞ്ഞു പോയ മോഡലുകൾ കാറപകടത്തിൽ മരിച്ച കഴിഞ്ഞ നവംബർ ഒന്നിന് ഒരാഴ്ച മുമ്പ് ഇതേ ഹോട്ടലിൽ പെൺകുട്ടികൾ പീഡനത്തിരയായെന്നാണ് പരാതി.