വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടർക്ക് എതിരെ എടുത്ത പോക്‌സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി; കുറ്റവിമുക്തനാക്കിയത് കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസിലെ കണ്ടക്ടറെ

കോട്ടയം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി. കോട്ടയം കോളനി റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്ടർ കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് കാട്ടാമ്പാക്ക് ഭാഗത്ത് പ്രദീപ്കുമാർ കെ.എ (56)യ്‌ക്കെതിരെ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി തള്ളിക്കളഞ്ഞത്. ചങ്ങനാശേരി ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി പി.എസ് സൈമയാണ് വിധി പ്രഖ്യാപിച്ചത്.

Advertisements

2024 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനി ബസിൽ കയറിയപ്പോൾ കണ്ടക്ടറായ പ്രദീപ്കുമാർ മോശമായി സംസാരിച്ചതായും പെരുമാറിയതായുമാണ് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോക്‌സോ നിയമത്തിന്റെ 11 , 12 ബിഎൻഎസ് നിയമം 75 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നത്. ചിങ്ങവനം പൊലീസാണ് സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുത്തത്. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി സമർപ്പിക്കുകയായിരുന്നു. കണ്ടക്ടർ തന്റെ ജോലിയുടെ ഭാഗമായി സംസാരിച്ചതാണെന്നും ലൈംഗിക ചുവയോടെയുള്ള സംസാരം ഇതിൽ വരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇതേ തുടർന്നാണ് കോടതി പ്രതിയെ വിചാരണപോലുമില്ലാതെ വിട്ടയച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോക്‌സോ കേസിൽ പ്രതിയെ വിചാരണ പോലുമില്ലാതെ കോടതി വിട്ടയക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.കെ.എസ്. ആസിഫ്, അഡ്വ.ലക്ഷ്മി ബാബു, അഡ്വ.മീര, അഡ്വ.അശ്വതി, അഡ്വ.നെവിൻ, അഡ്വ.സൽമാൻ എന്നിവർ ഹാജരായി.

Hot Topics

Related Articles