റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ; എൻ്റെ കേരളം പ്രദർശന മേളയിൽ റാപ്പ് ഷോ നാളെ വൈകുന്നേരം നടത്തും

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുൾപ്പെടെ കൈക്കൊണ്ടത്.

Advertisements

കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. അതിനിടയിലാണ് 24-ാം തിയ്യതി കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണെന്നും വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും എംവി ​ഗോവിന്ദൻ ഇന്ന് പറഞ്ഞു. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അം​ഗീകാരം നേടിയ കലാകാരനാണ്.

 ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാ​ഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറ‍ഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അം​ഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Hot Topics

Related Articles