ന്യൂഡല്‍ഹി: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമെ വിമാനത്താവളത്തില്‍ നിന്ന് റാപ്പിഡ് പരിശോധന കൂടി നടത്തേണ്ടതുണ്ട്. ഈ റാപ്പിഡ് പരിശോധനയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 8 മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതായി പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
എല്ലാ യാത്രക്കാര്‍ക്കും 48 മണിക്കൂറിന് ഇടയില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന പ്രോട്ടോക്കോളിന് മാറ്റമില്ല. വിമാനത്താവളങ്ങളില്‍ നിന്നുള്ള റാപ്പിഡ് പരിശോധന വേണ്ട എന്ന് മാത്രമാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.ദുബായില്‍ എത്തിയാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് കൊറോണ പരിശോധന ഉണ്ടാകും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വരുന്നത് വരെ ക്വാറന്റൈനില്‍ ഇരിക്കണം എന്നതാണ് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ യുഎഇയിലെ അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്ക് ഇളവ് ബാധകമല്ല. അവര്‍ക്ക് ഇപ്പോഴും റാപ്പിഡ് പരിശോധനാഫലം കയ്യില്‍ വേണം.