രാമപുരം: രാഷ്ട്ര പിതാവിന്റെ പേരോടുകൂടി രാമപുരത്ത് പ്രവർത്തിക്കുന്ന മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ഏറെ മഹത്തരമാണെന്ന് രാമപുരം ഫൊറോനാ പള്ളി വികാരിയും മാർ ആഗസ്തീനോസ് കോളേജ് മാനേജരുമായ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പറഞ്ഞു. ട്രസ്റ്റിന്റെ ആറാമത് വാർഷിക സമ്മേളനം രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ധനരായ ക്യാൻസർ-കിഡ്നി രോഗികൾക്ക് ട്രസ്റ്റ് നൽകി വരുന്ന സഹായങ്ങൾ അവർക്ക് ഏറെ ആശ്വാസകരമാണ്. ട്രസ്റ്റിന്റെ ഭാരവാഹികളെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രാമപുരത്തും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് നിർദ്ധനരായ കിഡ്നി- ക്യാൻസർ രോഗികൾക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് തണലായി മാറിയിട്ടുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. സമ്മേളനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണം രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കേണൽ കെ എൻ വി ആചാരി കണ്ണനാട്ട്, മീനാക്ഷി ലക്ഷ്മികൃപ വൈക്കം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മനോജ് ചീങ്കല്ലേൽ, പി എ മുരളി, എം ആർ രാജു, എം റ്റി ജാന്റീഷ്, ദീപു സുരേന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മീനാക്ഷി ലക്ഷ്മികൃപ വൈക്കം, കേണൽ കെ എൻ വി ആചാരി കണ്ണനാട്ട്, എം ആർ രാജു എന്നിവരെ സമ്മേളനത്തിൽ വെച്ച് ട്രസ്റ്റ് മൊമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സുജാത ഷാജി സ്വാഗതവും മീനാക്ഷി ലക്ഷ്മികൃപ വൈക്കം നന്ദിയും പറഞ്ഞു.