രാജ്യത്തിന്‍റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രത്തൻ ടാറ്റ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ 

മുബൈ:വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

Advertisements

കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടാറ്റയെന്ന വ്യവസായ സാമൃജ്യത്തെ ലോക നെറുകയിലേക്ക് കൈപിടിച്ചു കയറ്റിയ ദീര്‍ഘദര്‍ശിയായിരുന്നു രത്തൻ ടാറ്റ. സാധാരണക്കാരന് യാത്ര ചെയ്യാന്‍ കഴിയുന്ന നാനോ കാര്‍ നിരത്തിലിറക്കിയും കാരുണ്യ ഹസ്തം നീട്ടിയും അതി സമ്പന്നരില്‍ രത്തൻ ടാറ്റ വേറിട്ടു നടന്നു. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതി ചേര്‍ത്ത പേരു കൂടിയാണ് രത്തന്‍ ടാറ്റയുടേത്.

ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഗാഡ്ജറ്റ് മുതല്‍ വസ്ത്രങ്ങള്‍ വരെ. രണ്ട് നൂറ്റാണ്ടിന്‍റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടു പതിറ്റാണ്ടായിരുന്നു. 30തോളം ലിസ്റ്റഡ് കന്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാരും ടാറ്റയ്ക്കുണ്ട്.

അതിസമ്പന്ന പാഴ്സി കുടുംബത്തില്‍ ജനനം. എന്നാല്‍ സങ്കട കാലമായിരുന്നു ബാല്യം. അച്ഛനും അമ്മയും വഴിപിരിഞ്ഞപ്പോള്‍ അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു. അമേരിക്കയില്‍ ആര്‍ക്കിടെക്ച്ചര്‍ പഠനത്തിന് ശേഷം ഇവിടെ തന്നെ ജോലിക്ക് ചേർന്നു. ഇതിനിടെ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയില്ല. തുടർന്ന് വിവാഹമേ വേണ്ടെന്ന് വച്ചു. ഇന്ത്യയില്‍ മടങ്ങിയെത്തി ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്ക്ക് കയറി. ടാറ്റയുടെ ഉന്നത പദവികളിലേക്ക് പിന്നീട് അടിവച്ചടിവച്ച് കയറി.

തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അടച്ചുപൂട്ടി. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെആര്‍ഡി ടാറ്റയ്ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു. 1991ല്‍ ജെആര്‍ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായി. ടാറ്റാ സ്റ്റീല്‍, ടാറ്റാ ടീ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെ ഞെട്ടിച്ചായിരുന്നു സ്ഥാനാരോഹണം. 

ടാറ്റയില്‍ രത്തന്‍റെ സമ്പൂര്‍ണ ആധിപത്യം പിന്നീട് കണ്ടു. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കൈവെച്ച ടാറ്റ ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചത് വിപ്ലവമായി മാറി. 

ടാറ്റ നാനോ കാര്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചോടി. രത്തന്‍റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം 50 ഇരട്ടിയായി. നേട്ടങ്ങളുടെ നെറുകയില്‍ പത്മവിഭൂഷന്‍ അടക്കമുളള പുരസ്കാരങ്ങള്‍. 91 മുതല്‍ 2012വരെ ചെയര്‍മാനായിരുന്ന ടാറ്റ 2016ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രത്തന്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുന്പോള്‍ ഇന്ത്യന്‍ വ്യവസായരംഗത്തിന് നഷ്ടമാവുന്നത് നൈതികത ഉയര്‍ത്തിപിടിച്ച ക്രാന്തദര്‍ശിയെ കൂടിയാണ്.

Hot Topics

Related Articles