മുംബൈ : പരിധിയില്ലാത്ത പരിചരണം, തന്‍റെ വളര്‍ത്തുനായക്ക് ജീവിതാവസാനം വരെ സ്നേഹപരിചരണം ഉറപ്പാക്കിയാണ് രത്തന്‍ ടാറ്റ വിടവാങ്ങിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണയാണെങ്കിലും വില്‍പത്രത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമാണ്. ഏാതാനും വര്‍ഷം മുമ്പ് ടിറ്റോ എന്നു പേരിലുള്ള നായയുടെ മരണശേഷം ദത്തെടുത്ത നായക്കും ടിറ്റോയെന്നു തന്നെയായിരുന്നു പേര്.
ദീര്‍ഘകാലമായി രത്തന്‍ ടാറ്റയ്ക്കൊപ്പം നിന്ന് നായ്ക്കളെ പരിചരിക്കുന്ന രാജന്‍ ഷാ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് വില്‍പത്രത്തില്‍ പറയുന്നു. 10,000 കോടി രൂപയിലധികം വരുന്ന ആസ്തിയുള്ള രത്തന്‍ ടാറ്റ അവ സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ദ്ധസഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, തന്‍റെ ഏതാനും സ്റ്റാഫുകള്‍ എന്നിവര്‍ക്കായി വീതം വച്ചിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടാറ്റയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള അദ്ദേഹത്തിന്‍റെ പാചകക്കാരന്‍ സുബ്ബയ്യയ്ക്കുള്ള വ്യവസ്ഥകളും വില്‍പത്രത്തില്‍ ഉള്‍പ്പെടുന്നു. ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശന്തനു നായിഡുവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്‍റെ സംരംഭമായ ഗുഡ്ഫെല്ലോസിലെ തന്‍റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു.
അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താരാ റോഡിലെ ഇരുനില വീട്, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം, ടാറ്റ സണ്‍സിന്‍റെ 0.83% ഓഹരി എന്നിവ അദ്ദേഹത്തിന്‍റെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്‍റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്‍റെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും.
ടാറ്റ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ ആര്‍ടിഇഎഫിന്‍റെ അധ്യക്ഷനാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട് ടാറ്റ സണ്‍സിന്‍റെ അനുബന്ധ സ്ഥാപനമായ എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. അതിന്‍റെ ഭാവി നിശ്ചയിക്കുന്നത് എവാര്‍ട്ട് ആയിരിക്കും.
ടാറ്റ സണ്‍സിന്‍റെ ഓഹരികള്‍ക്ക് പുറമേ, ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ രത്തന്‍ ടാറ്റയുടെ ഓഹരികളും ആര്‍ടിഇഎഫിന് കൈമാറും. 2022-ല്‍ ആണ് ആര്‍ടിഇഎഫ് സ്ഥാപിതമായത്. രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുപ്പതോളം കാറുകളുടെ വിപുലമായ ശേഖരം നിലവില്‍ കൊളാബയിലെ ഹാലെക്കായ് വസതിയിലും താജ് വെല്ലിംഗ്ടണ്‍ മ്യൂസ് സര്‍വീസ് അപ്പാര്‍ട്ടുമെന്‍റുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ പുണെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ലേലം ചെയ്യുകയോ ചെയ്യും.
അദ്ദേഹത്തിന്‍റെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്സിന് സംഭാവന ചെയ്യും. 100 ബില്യണ്‍ ഡോളറിലധികം വരുന്ന ടാറ്റ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിട്ടും, ഗ്രൂപ്പ് കമ്പനികളിലെ പരിമിതമായ വ്യക്തിഗത ഓഹരി പങ്കാളിത്തം കാരണം രത്തന്‍ ടാറ്റ സമ്പന്നരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടില്ല. എന്തായാലും രത്തന്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക.