തിരുവനന്തപുരം : എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് പണം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
‘കോവിഡിന്റെ കാലത്തും അതിന് പിന്നാലെ വന്ന സമയത്തും കൊടുത്തുപോലെ ഇക്കുറി ഉണ്ടാവില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സാധാരണനിലയില്‍ എല്ലാവര്ക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുന്‍പും ഉണ്ടായിരുന്നില്ല. ഓണക്കാലം നന്നായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍’- കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്ക് കിറ്റ് നല്‍കും. ഇതോടെ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് മാത്രം 30 കോടി രൂപ വേണ്ടിവരും.
കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്ത വകയില്‍ സര്‍ക്കാരിനുള്ള ചെലവ് 425 കോടിയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും നല്‍കിയത്. അന്ന് 90 ലക്ഷം കാര്‍ഡ് ഉടമകളാണുണ്ടായിരുന്നത് ഇന്ന് 93.76 ലക്ഷം കാര്‍ഡ് ഉടമകളുണ്ട്.