തിരുവനന്തപുരം: റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം ഇന്നലെ (ജനുവരി 25) വരെ 50,62,323 പേർ(55.13 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേർ റേഷൻ വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാർഡ് ഉടമകളാണു റേഷൻ കൈപ്പറ്റിയിരുന്നത്. റേഷൻ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓൺലൈനായി ചേർന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്കു നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു.