തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനില്‍കുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈല്‍ റേഷൻ കടകള്‍ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തില്‍ തീരുമാനമായി. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ – ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കണ്‍ ട്രോള്‍ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.
സമരം പിൻവലിച്ചില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.