കൊച്ചി : റേഷൻ കടയിൽ വിതരണം ചെയ്യുന്നതിൽ മുക്കാൽപങ്കും പച്ചരിയായതോടെ കാർഡ് ഉടമകൾ കഷ്ടത്തിലായി. പിഎംജികെവൈ (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പ്രകാരം വിതരണം ചെയ്യാൻ എഫ്സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. ഈ മാസം മുഴുവൻ ഇതേനില തുടരും.
മഞ്ഞക്കാർഡ് ഉടമകൾ (എഎവൈ– അന്ത്യോദയ അന്ന യോജന) മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ (പിഎച്ച്എച്ച് – പ്രയോറിറ്റി ഹൗസ് ഹോൾഡ്) 23 ലക്ഷത്തോളം പേരുണ്ട്. ഇവർ റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിക്കുന്നവരാണ്. പച്ചരി മാത്രം കിട്ടാൻ തുടങ്ങിയതോടെ ഇവരെല്ലാം വിഷമത്തിലായി. പൊതുവിപണിയിൽ അരിവില കൂടി നിൽക്കുന്ന സമയവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്. ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. പ്രതിസന്ധി മുന്നിൽക്കണ്ട് മന്ത്രി ജി.ആർ.അനിൽ കേന്ദ്രവുമായി ബന്ധപ്പെട്ടതായും അറിയുന്നു.