മുംബയ്: അക്ഷരം കൂട്ടിവായിച്ചുതുടങ്ങുന്ന കുട്ടിക്കുപോലും സുപരിചതമായ പേര്. ഉപ്പുമുതൽ ഉരുക്കുവരെ, റോഡുമുതൽ ആകാശംവരെ എല്ലായിടത്തും സ്വന്തം കുടുംബപ്പേര് എഴുതിച്ചേർത്ത ഒരേഒരു വ്യവസായഗ്രൂപ്പ്. ടാറ്റയെ ഇന്നത്തെ ഉന്നതിയിലേക്ക് എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഒരേഒരു മനുഷ്യന് സ്വന്തം. ആ ലോകോത്തര വ്യവസായ പ്രതിഭയാണ് ഇന്നലെ രാത്രി വിടപറഞ്ഞ രത്തൻ ടാറ്റ എന്ന 86 കാരൻ. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് അദ്ദേഹം വർഷങ്ങൾക്കുമുമ്ബ് പടിയിറങ്ങിയെങ്കിലും ജനങ്ങൾക്കിടയിൽ ടാറ്റ എന്നാൽ രത്തൻ ടാറ്റയായിരുന്നു. ഇനിയും അത് അങ്ങനെതന്നെയായിരിക്കും.
ഇന്ത്യയ്ക്കൊപ്പം ലോകവും നെഞ്ചേറ്റിയ ടാറ്റ ഗ്രൂപ്പിന്റെ അനന്തരാവകാശി ആരായിരിക്കും എന്നതാണ് ഇപ്പോൾ മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. താൻ സ്ഥാനമൊഴിഞ്ഞശേഷം കുടുംബത്തിന് പുറത്തുള്ള സൈറസ് പി മിസ്ത്രിയെയാണ് ടാറ്റയുടെ താക്കോൾ രത്തൻ ടാറ്റ ഏൽപ്പിച്ചത്. പക്ഷേ, അത് വളരെക്കുറച്ചുനാളുകൾക്ക് മാത്രമായിരുന്നു. നാലുവർഷം കഴിഞ്ഞപ്പോൾ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മിസ്ത്രി ചെയർമാൻ സ്ഥാനത്തുനിന്ന് ഔട്ടായി. പിന്നാലെ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധങ്ങൾക്കപ്പുറം പ്രൊഫഷണലിസത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ് ടാറ്റ ഗ്രൂപ്പ്. കുടുംബത്തിലെ ഇളമുറക്കാരായ മൂന്നുപേരെയാണ് ടാറ്റയുടെ തലപ്പത്തേക്ക് പുതുതായി കാെണ്ടുവന്നിരിക്കുന്നത്. നോയൽ ടാറ്റയുടെ മക്കളായ ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവരാണിവർ. ഈ വർഷം തന്നെയാണ് ഇവർ ടാറ്റാ ട്രസ്റ്റിലേക്ക് നിയമിതരായതും. മൂന്നുപേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ. മൂന്നുപേർക്കും മൂന്നുമേഖലകളാണ് നൽകിയിട്ടുള്ളത്. ഇതിൽ രത്തൻ ടാറ്റയുടെ പിന്മുറക്കാരിയാകാൻ ഏറെ സാദ്ധ്യത കല്പിക്കപ്പെട്ടിട്ടുള്ളത് മുപ്പത്തിനാലുകാരിയായ മായ ടാറ്റയ്ക്കുതന്നെയാണ്. മൂവരെയും പരിചയപ്പെടാം.
സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്നാണ് ലിയ ബിരുദമെടുത്തത്. ടാജ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്ബനി ലിമിറ്റഡുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ടാറ്റാ സോഷ്യൽ വെൽഫെയർ ട്രസ്റ്റ്, ടാറ്റ എഡ്യൂക്കേഷൻ ട്രസ്റ്റ്, സാർവ ജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ പ്രവർത്തിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ വിഭാഗമായ ട്രെന്റ് ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർ ബസാറിനെ നയിക്കുന്നത് നെവിൽ ടാറ്റയാണ്. റീട്ടെയിൽ ബിസിനസ് കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപാടവവും മിടുക്കും വളരെ പ്രകടമാണ്. ടാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റീൽസിന്റെ ബോർഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.
മൂവർ സംഘത്തിലെ ഏറ്റവും ഇളമുറക്കാരിയായ മായ ടാറ്റ, ബയേസ് ബിസിനസ് സ്കൂളിലും വാർവിക്ക് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റൽ എന്നിവയിൽ അവർ പ്രവർത്തിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ഡിജിറ്റൽ സംരംഭങ്ങളിൽ ശക്തമായ നേതൃത്വമാണ് മായ വഹിക്കുന്നത്. ടാറ്റ ഡിജിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്. ഇവർ തന്നെയാണ് ടാറ്റയുടെ പിന്മുറക്കാരി എന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.