മുംബൈ: പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴ ഏർപ്പെടുത്തി റിസര്‍വ് ബാങ്ക്. കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ് ബാങ്കിംഗ് റെഗുലേഷന് നിയമ പ്രകാരമുള്ള നടപടി. സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പേടിഎം പേയ്മെന്റ് ബാങ്കിന് വന്ന വീഴ്ചയും ശിക്ഷാ നടപടിക്ക് കാരണമായിട്ടുണ്ട്.
കെവൈസിയുമായി ബന്ധപ്പെട്ട പ്രത്യേക ഓഡിറ്റ് പേടിഎം പേയ്മെന്റ് ബാങ്കില്‍ നടത്തിയെന്നും അതില്‍ കണ്ടെത്തിയ വീഴ്ചകളെ തുടര്‍ന്നാണ് പിഴ ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സമഗ്രമായ ഓഡിറ്റാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ഏജന്‍സി പേടിഎം ബാങ്കില്‍ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിന് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്നുള്ള കണക്ഷനുകള്‍ തടയുന്നതില്‍ പേടിഎം പേയ്മെന്റ് ബാങ്ക് പരാജയപ്പെട്ടെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. പേടിഎമ്മിന്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകള്‍ ഉണ്ടായത്.
അസാധാരണമായ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ബാങ്കിന് വീഴ്ച സംഭവിച്ചു. എസ്എംഎസ് ഡെലിവറി റെസീപ്റ്റ് പരിശോധനയിലും നിബന്ധനകള്‍ പാലിച്ചില്ലെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീഴ്ചകളെ സംബന്ധിച്ച് പേടിഎം പേയ്മെന്റ് ബാങ്ക് നല്കിയ വിശദീകരണം ഓഡിറ്റില്‍ കണ്ടെത്തിയ വീഴ്ചകളെ സാധൂകരിക്കുന്നതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.
അതേസമയം, റെഗുലേറ്ററി നിയമ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മ കാരണമാണ് നടപടിയെന്നും ബാങ്കിന്റെ ഇടപാടുകളെയോ അവരുമായുള്ള കരാറുകളേയോ ബാധിക്കുന്നതല്ല നടപടിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.