തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്. കേസ് നേരത്തെ അന്വേഷിച്ച സംഘത്തോടാണ് നിര്‍ദേശം നല്‍കിയത്. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഉടന്‍ ചോദ്യം ചെയ്യും.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് സമയത്ത് ആറ് ചാക്കുക്കെട്ടിലായി ബിജെപി ഓഫീസില്‍ പണമെത്തിയിട്ടുണ്ടെന്നാണ് സതീഷ് നടത്തിയ വെളിപ്പെടുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം വരുന്നതിന് രണ്ടാഴ്ച മുമ്പ് മുഖ്യപ്രതി ധര്‍മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെയും സന്ദര്‍ശിച്ചിരുന്നുവെന്ന് സതീഷ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് മെറ്റീരിയലാണെന്ന് പറഞ്ഞാണ് ചാക്ക് കെട്ടുകള്‍ കൈപ്പറ്റാന്‍ നേതാക്കള്‍ അറിയിച്ചതെന്നും പിന്നീടാണ് പണമാണ് ചാക്കിലുണ്ടായിരുന്നതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ മൊഴി മാറ്റി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സതീഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. വെളിപ്പെടുത്തല്‍ ഗൌരവതരമെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടു. അതേസമയം സിബിഐയെ കൊണ്ടും അന്വേഷിപ്പിക്കാമെന്ന നിലപാടിലാണ് ബിജെപി.