തിരുവല്ല : ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
ഇപ്പോള്‍ മണ്ഡല-മകരവിളക്ക് കാലയളവില്‍ മാത്രമാണ് ഇടത്താവളം പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ഇടത്താവളത്തില്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയിരുന്നു. അന്നദാന പന്തല്‍, പാചകപ്പുര എന്നിവ നിര്‍മിക്കുകയും ശുചിമുറികള്‍ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
മാസ പൂജയ്ക്കായി നടതുറക്കുന്ന ദിവസങ്ങളില്‍ അന്നദാനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസംഘടനകള്‍ തയാറായിട്ടുണ്ട്.
ഈ മാസം നട തുറന്ന ദിവസങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് എല്ലാ മാസവും അയ്യപ്പ ഭക്തര്‍ക്കായി നട തുറക്കുന്ന ദിവസങ്ങളില്‍ ഇടത്താവളം തുറന്നുകൊടുക്കാന്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമല ഇടത്താവളം വിപുലീകരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.