രേണുകാസ്വാമിയെ കൊലപ്പെടുത്താൻ നിർദേശം നല്‍കിയത് നടി പവിത്ര ഗൗഡ; കൊലപാതകം ആസൂത്രണംചെയ്തത് നടിയുടെ നിർദേശപ്രകാരം : വൈരാഗ്യത്തിന് കാരണം അശ്ലീല സന്ദേശം അയച്ചത് 

ബംഗളൂരു: കന്നഡ സിനിമതാരം ദർശൻ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദർശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താൻ നിർദേശം നല്‍കിയത് ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു.രേണുകാസ്വാമി അശ്ലീലകമന്റുകള്‍ ആവർത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദർശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. ഇതിനായി ദർശനെ നിർബന്ധിക്കുകയുംചെയ്തു. തുടർന്നാണ് ദർശൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

Advertisements

ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പവിത്ര ഗൗഡയെയാണ് പോലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. നടിയുടെ നിർദേശപ്രകാരമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന കണ്ടെത്തലിനെത്തുടർന്നാണ് പവിത്രയെ ഒന്നാംപ്രതിയാക്കിയത്. നടൻ ദർശനാണ് കേസിലെ രണ്ടാംപ്രതി. ഇവർക്ക് പുറമേ 11 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഇനി ഒരുസ്ത്രീ ഉള്‍പ്പെടെ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവർ ഒളിവിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്, അശ്ലീലസന്ദേശം…

ചിത്രദുർഗയിലെ ഫാർമസി ജീവനക്കാരനായ രേണുകാസ്വാമി നടൻ ദർശന്റെ കടുത്ത ആരാധകനായിരുന്നു. എന്നാല്‍, നടൻ ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ ഇയാള്‍ അനുകൂലിച്ചിരുന്നില്ല. ഭാര്യയും കുടുംബവുമുള്ള ദർശൻ നടി പവിത്രയുമായി ബന്ധംപുലർത്തിയത് നടന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു രേണുകാസ്വാമിയുടെ നിലപാട്. ഇതിന്റെ പേരില്‍ നടി പവിത്രയോട് ദേഷ്യവുമായി. തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച്‌ നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും നടിക്കെതിരേ അശ്ലീലകമന്റുകള്‍ പോസ്റ്റ് ചെയ്തെന്നുമാണ് ആരോപണം. 

അശ്ലീലസന്ദേശങ്ങളും കമന്റുകളും ആവർത്തിച്ചതോടെ ഇയാളോട് പകരംചോദിക്കാൻ പവിത്ര ഗൗഡ തീരുമാനിച്ചു. അശ്ലീലകമന്റിട്ടയാളെ കണ്ടുപിടിക്കാനും ഇയാളോട് പ്രതികാരംചെയ്യാനും പവിത്ര ഗൗഡ ദർശനെ നിർബന്ധിച്ചു. തുടർന്ന് ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻക്ലബ് കണ്‍വീനറായ രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാൻ നിർദേശിച്ചു. തുടർന്ന് രാഘവേന്ദ്രയാണ് രേണുകാസ്വാമിയെ ചിത്രദുർഗയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്. 

ബെംഗളൂരു കാമാക്ഷിപാളയയിലെ ഒരു ഷെഡ്ഡിലേക്കാണ് രേണുകാസ്വാമിയെ എത്തിച്ചത്. ഇവിടെവെച്ച്‌ രേണുകാസ്വാമിയെ ക്വട്ടേഷൻസംഘം ക്രൂരമായി മർദിച്ചു. തുടർന്ന് നടൻ ദർശനും ഇവിടേക്കെത്തി. അവശനായ രേണുകാസ്വാമിയെ ദർശനും ബെല്‍റ്റ് ഉപയോഗിച്ച്‌ മർദിച്ചു. പിന്നാലെ നടൻ ഇവിടെനിന്ന് മടങ്ങുകയും മറ്റുപ്രതികള്‍ മർദനം തുടരുകയുംചെയ്തു. 

യുവാവിനെ തട്ടിക്കൊണ്ടുവന്നത് മുതല്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുന്നത് വരെയുള്ള ഓരോവിവരങ്ങളും കൊലയാളിസംഘം നടൻ ദർശനെ അറിയിച്ചിരുന്നു. വാട്സാപ്പ് വഴി ഓരോവിവരങ്ങളും കൈമാറി. സംഭവദിവസം രാത്രിമുഴുവൻ കൊലയാളിസംഘത്തില്‍പ്പെട്ടവർ ദർശനുമായി ഫോണില്‍ സംസാരിച്ചതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. 

ശനിയാഴ്ച രാത്രിയോടെ രേണുകാസ്വാമിയുടെ മരണം ഉറപ്പാക്കിയശേഷം ഈ വിവരവും ദർശനെ അറിയിച്ചു. 30 ലക്ഷം രൂപയാണ് കൊലയാളിസംഘം നടനോട് ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ പ്രദോഷ് വഴിയാണ് പണം കൈമാറിയത്. ഇയാള്‍ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ കൊലയാളിസംഘത്തിന് കൈമാറി. ബാക്കിതുക കേസിന്റെ വിചാരണയ്ക്ക് ശേഷം കൈമാറാമെന്നും ഉറപ്പുനല്‍കി. നിയമസഹായം നല്‍കാമെന്നും ഇവർക്ക് ഉറപ്പുകിട്ടി. പണം കിട്ടിയശേഷമാണ് യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കാനും പോലീസിന് മുന്നില്‍ കീഴടങ്ങാനും കൊലയാളിസംഘം സമ്മതിച്ചത്. കേസില്‍ ദർശന്റെ പേര് വലിച്ചിഴക്കരുതെന്നും ഇവരോട് നിർദേശിച്ചിരുന്നു.

അഴുക്കുചാലില്‍ മൃതദേഹം, ആദ്യം കണ്ടത് ഡെലിവറി ബോയ്…

ബെംഗളൂരു കാമാക്ഷിപാളയയിലെ അഴുക്കുചാലിലാണ് രേണുകാസ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അഴുക്കുചാലില്‍ കിടന്ന മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്ന കാഴ്ച കണ്ട ഒരു ഫുഡ് ഡെലിവറി ബോയ് ആണ് വിവരം പോലീസില്‍ അറിയിച്ചത്. തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചത് രേണുകാസ്വാമിയാണെന്ന് തിരിച്ചറിയുകയുംചെയ്തു. ഇതിനുപിന്നാലെ രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പറഞ്ഞ് രണ്ടുപേർ കാമാക്ഷിപാളയ പോലീസില്‍ കീഴടങ്ങി. സാമ്ബത്തിക തർക്കത്തെത്തുടർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, ഇവരുടെ മൊഴികളില്‍ അടിമുടി സംശയമുണർന്നതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ദർശൻ അടക്കമുള്ളവരുടെ പങ്ക് പുറത്തറിയുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് ദർശനെയും പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ 13 പ്രതികളെയും ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. ബുധനാഴ്ച ദർശനെയും പവിത്രയെയും കൊലപാതകം നടന്ന ഷെഡ്ഡിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മറ്റുപ്രതികളെയും തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.

Hot Topics

Related Articles