കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയുടെ കുടുംബം സിപിഎമ്മാണെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്ന് ആവർത്തിച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. യുവതിയെ ജാമ്യത്തിലിറക്കിയത് ബി ജെ പിക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ‘ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ വേണ്ടി എല്ലാ സഹായവും ചെയ്തുകൊടുത്ത സ്ത്രീയെ കോടതിയിൽ നിന്ന് കൊണ്ടുപോകുന്നത് ബി ജെ പിയുടെ മണ്ഡലം ജനറൽ സെക്രട്ടറി കെ അജേഷാണ്. കൗൺസിലറുകൂടിയാണ് അദ്ദേഹം. എന്തൊക്കെ വാർത്തകൾ പ്രചരിച്ചാലും സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഒളിവിൽ പാർപ്പിച്ച പ്രതിയെ ഒരു വർഷമായിട്ട് അറിയാമെന്നും, ഹരിദാസ് വധക്കേസിലെ പ്രതിയായ അയാൾ കുറച്ച് കാലം വീട്ടിൽ സംരക്ഷിക്കണമെന്ന് പറഞ്ഞ് വന്നതാണെന്നും ആ സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെ താമസിപ്പിച്ചതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ വീട് വാടകയ്ക്ക് കൊടുക്കുന്നത് മനസിലാക്കാം. കേസിൽ പ്രതിയാണെന്ന് അറിയാമെന്ന് അവർ തന്നെ പറയുന്നു. ഭക്ഷണം വിളമ്ബിക്കൊടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ എസ് എസുകാരനായ കൊലക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് ആർ എസ് എസ് ബന്ധമല്ലാതെ മറ്റെന്താണ്? ബി ജെ പിയുടെ വക്കീൽ പോലും അവിടെ ഹാജരായി. ഹരിദാസിന്റെ കുടുംബത്തിന്റെ രോദനം കേട്ട ആരെങ്കിലും ഇതിന് കൂട്ടുനിൽക്കുമോ. സി എം അവരെ സംരക്ഷിച്ചില്ലാന്ന് പറയാഞ്ഞത് മഹാഭാഗ്യം’- ജയരാജൻ പറഞ്ഞു.
രേഷ്മയുടെ മൊഴിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പതിനാലാം പ്രതി നിജിൽദാസിനെ ഒരുവർഷത്തിലധികമായി അറിയാം. ഇടയ്ക്ക് ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ഒളിവിൽ താമസിപ്പിച്ച വീട് എന്റെ ഭർത്താവിന്റെ പേരിലാണ്. ഭർത്താവ് ഇപ്പോൾ വിദേശത്താണ് ജോലി ചെയ്യുന്നത്. നിജിൽ പ്രതിയാണെന്ന് അറിയാമായിരുന്നു. വിഷുവിന് ശേഷം ഒരു ദിവസം ഇയാൾ വിളിച്ചു. ഒളിവിൽ താമസിക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട് നൽകിയത്.’- എന്നാണ് മൊഴി നൽകിയത്.