അടൂർ: പത്തനംതിട്ട അടൂരില്‍ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി എക്സൈസ്. വീട്ടില്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65 വയസ്സ്) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരില്‍ നിന്നായി ശേഖരിച്ചു ഇയാള്‍ വില്പന നടത്തി വരികയായിരുന്നു. മദ്യവില്‍പ്പനയെ കുറിച്ച് അടൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ബി അൻഷാദിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം രമണന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
ഇയാള്‍ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 138 കുപ്പിമദ്യമാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. സൈനികർക്ക് മാത്രം നല്കുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ രാജീവ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അനസ്, അനുപ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫീസർ ഫസീല, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ റംജി എന്നിവർ പങ്കെടുത്തു. അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധന തുടരുമെന്നും എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ബി അൻഷാദ് വ്യക്തമാക്കി.