അയർക്കുന്നം. മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2019 ൽ അമയന്നൂർ സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും അടക്കം ഒരുലക്ഷത്തി നാൽപതിനായിരം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എം, സി.പി.ഓ മാരായ ജിജോ മോൻ വർഗീസ്, ബിങ്കർ കെ.ജി , ബിനു എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.