കോട്ടയം : റബ്ബർ വില തകർച്ച മൂലം കടുത്ത സാമ്പത്തിക തകർച്ച അനുഭവപ്പെട്ടിരിക്കുന്ന കേരളത്തിലെ റബ്ബർ കർഷകരെ രക്ഷിക്കുന്നതിനു വേണ്ടി കേരളാ കോൺഗ്രസ് പാർട്ടി യുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ അന്യായമായ ഇറക്കുമതി നടപടികളും തെറ്റായ നയസമീപനങ്ങളും മൂലമാണ് രൂക്ഷമായ വില ഇടുവിലേക്ക് റബ്ബർ കാർഷിക മേഘലയെ എത്തിച്ചത് . ഇത്തരം പ്രതിസന്ധി കാലഘട്ടങ്ങളിൽ റബ്ബർ കൃഷിക്കാരെ സഹായിക്കുന്നതിന് ബാധ്യസ്ഥരായ റബർ ബോർഡും കർഷകരെ വഞ്ചിച്ചു കൊണ്ട് കള്ളക്കളി നടത്തുകയാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാരും റബ്ബർ കർഷകരെ വഞ്ചിക്കുകയാണ്. റബ്ബറിൻ്റെ വില സ്ഥിരത ഫണ്ട് 250 രൂപയായി വർദ്ധിപ്പിച്ച് കൊടുക്കണമെന്നുള്ള പിണറായി സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നാളിതുവരെ നടപ്പാക്കാൻ തയ്യാറാകാതെ ഇടതുപക്ഷ മുന്നണിയും റബ്ബർ കൃഷിക്കാരോട് വഞ്ചനയാണ് കണിച്ചുകൊണ്ടിരിക്കുന്നത് . സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 250 രൂപയുടെ താങ്ങുവില രബ്ബർ കർഷകർക്ക് എത്രയും പെട്ടന്ന് ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുക്കണം. കേരളാ സർക്കാർ 250 രൂപയുടെ വില സ്ഥിരത ഫണ്ടും കേന്ദ്ര സർക്കാർ 50 രൂപയുടെ ഇൻസെൻ്റീവും നൽകിയാൽ വില തകർച്ചമൂലം നട്ടം തിരിയുന്ന റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ കഴിയുന്ന നിലയിൽ 300 രൂപയുടെ പ്രയോജനം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.ഇത്തരത്തിലുള്ള തീരുമാനം കേരളത്തിലെ റബ്ബർ കർഷകർക്ക് അനുകൂലമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കർഷക പ്രക്ഷോഭം ആരംഭിക്കുന്നതിനാണ് കേരളാ കോൺഗ്രസ് പാർട്ടി തീരുമാനിച്ചിരിക്കുന്നത് .ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും കർഷക സമര പരുപാടികൾ സംഘടിപ്പിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. വ്യക്തമാക്കി. കർഷക പ്രക്ഷോഭത്തിനുള്ള സംസ്ഥാന തല ഉദ്ഘാടനം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നതാണെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.