സ്പോർട്സ് ഡെസ്ക് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തിലൂടെ ഏറ്റവും കൂടുതല്‍ പരിഹാസത്തിനിരയായ താരങ്ങളില്‍ ഒരാളാണ് രാജസ്ഥാൻ റോയല്‍സിന്റെ റിയാൻ പരാഗ്.നിരന്തര പരാജയമായിട്ടും ടീമിന്റെ പ്ലേയിങ് ഇലവനില്‍ പരാഗിന് എങ്ങനെ ഇത്രത്തോളം അവസരം ലഭിക്കുന്നു എന്ന ചോദ്യം ആരാധകർ പലതവണ ഉയർത്തി. ഇതിനെ ശരിവെക്കുന്ന കണക്കുകളും ഇവർ എടുത്തുകാണിച്ചു. രാജസ്ഥാൻ ടീം ഉടമയുടെ ബന്ധുവായതിനാലാണ് പരാഗിന് അവസരം ലഭിക്കുന്നതെന്ന് പോലും വിമര്‍ശനം ഉണ്ടായി.എന്നാല്‍, പുതിയ സീസണില്‍ വിമർശകരുടെയെല്ലാം വായടപ്പിക്കുകയാണ് റിയാൻ പരാഗ്. ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ 29 പന്തില്‍ 43 റണ്‍സെടുത്ത താരം വ്യാഴാഴ്ച ഡല്‍ഹി ക്യാപ്പിറ്റൽസിനെതിരെ വിശ്വരൂപം പുറത്തെടുത്തു.45 പന്തില്‍ ആറ് സിക്സും ഏഴ് ഫോറുമടക്കം 85 റണ്‍സുമായി പുറത്താകാതെനിന്ന മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാൻ ജയിച്ചുകയറിയത്.രണ്ട് മത്സരങ്ങളിലെ മാത്രം ശരാശരി 127 ആണ്. സ്ട്രൈക്ക് റേറ്റാവട്ടെ 171.62. ഇതിനകം ഒമ്ബത് സിക്സുകള്‍ പരാഗിന്റെ ബാറ്റില്‍നിന്ന് പിറന്നു. പുതിയ സീസണില്‍ രാജസ്ഥാന്റെ മുന്നേറ്റത്തില്‍ പരാഗ് നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണും സംഘവും.2018-19 വിജയ് ഹസാരെ ട്രോഫിയില്‍ അസമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് പരാഗായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ തുടർന്ന് രാജസ്ഥാൻ റോയല്‍സ് 20 ലക്ഷം മുടക്കി ടീമിലെത്തിച്ചു. 2019ല്‍ ആദ്യമായി ഐ.പി.എല്ലില്‍ ഇറങ്ങിയ താരത്തിന്റെ സമ്ബാദ്യം ഏഴ് മത്സരങ്ങളില്‍ 160 റണ്‍സായിരുന്നു. ഈ സീസണില്‍ ഒരു റെക്കോഡ് നേടാനും പരാഗിനായി. ഐ.പി.എല്ലില്‍ അർധശതകം നേടുന്ന പ്രായംകുറഞ്ഞ ബാറ്ററെന്ന ബഹുമതിയാണ് തേടിയെത്തിയത്. പരാഗ് അന്ന് രാജസ്ഥാനായി അർധശതകം നേടുമ്ബോള്‍ പ്രായം 17 വയസ്സും 175 ദിവസവുമായിരുന്നു. സഞ്ജു സാംസണിന്റെയും പൃഥ്വി ഷായുടെയും പേരിലുണ്ടായിരുന്ന നേട്ടമായിരുന്നു പരാഗ് മറികടന്നത്.2020 സീസണില്‍ 12 മത്സരങ്ങളില്‍ ഇറങ്ങി താരത്തിന് ആകെ നേടാനായത് 86 റണ്‍സ് മാത്രം. 12.28 ആയിരുന്നു ശരാശരി. 2021ലും സ്ഥിതി മാറിയില്ല. 11 മത്സരങ്ങളില്‍ 11.62 ശരാശരിയില്‍ 93 റണ്‍സായിരുന്നു സമ്ബാദ്യം. 2022ലെ മെഗാലേലത്തിന് മുന്നോടിയായി താരത്തെ റിലീസ് ചെയ്‌തെങ്കിലും രാജസ്ഥാൻ റോയല്‍സ് തന്നെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച പരാഗ് ഒരു അർധ ശതകവുമായി 183 റണ്‍സാണ് നേടിയത്. 2023 സീസണില്‍ ഏഴ് മത്സരങ്ങളില്‍ ഇറങ്ങിയ താരത്തിന് ആകെ നേടാനായത് 78 റണ്‍സ് മാത്രം. 13 ആയിരുന്നു ശരാശരി. 20 റണ്‍സായിരുന്നു ഉയർന്ന സ്കോർ.ഐ.പി.എല്ലില്‍ 56 മത്സരങ്ങളിലെ 46 ഇന്നിങ്സുകളില്‍ ബാറ്റിങ്ങിനിറങ്ങിയ റിയാൻ പരാഗ് ഇതുവരെ 727 റണ്‍സാണ് നേടിയത്. 19.13 ആണ് ശരാശരി.