ന്യൂസ് ഡെസ്ക്ക് : 2026ഓടെ ചൊവ്വയിലേക്ക് സ്റ്റാർഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവൻ എലോൺ മസ്ക്. ചൊവ്വയിലെ ലാൻഡിംഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാൻഡിംഗ് വിജയകരമായാൽ നാല് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും എന്നും സ്പേസ് എക്സ് സ്ഥാപകനും സിഇഒയുമായ മസ്ക് എക്സിലൂടെ അറിയിച്ചു.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലതും കരുത്തേറിയതുമായ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്. 400 അടി അഥവാ 122 മീറ്ററാണ് ഇതിന് ഉയരം. ലിഫ്റ്റോഫിന്റെ സമയം 16.7 മില്യൺ പൗണ്ട് ത്രസ്റ്റ് ഉൽപാദിപ്പിക്കും. നാസയുടെ ആർട്ടെമിസ് മൂൺ മിഷനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (എസ്എൽഎസ്) ഇരട്ടി വരും ഈ ത്രസ്റ്റ് കണക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്എൽഎസ് ഒരിക്കൽ വിക്ഷേപിച്ചാൽ അത് അവശിഷ്ടമായി മാറുമെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർമാണം. ഓരോ വിക്ഷേപണത്തിനും ശേഷം റോക്കറ്റ് ഭൂമിയിൽ തിരികെ ലാൻഡ് ചെയ്യുന്ന രീതിയിലാണ് ഇതിനെ വിഭാവനം ചെയ്യുന്നത്. ഇതിന് ശേഷമുള്ള പരിശോധനകൾ പൂർത്തിയാക്കി വീണ്ടും ഇതേ റോക്കറ്റിനെ വിക്ഷേപിക്കും. 20 വർഷത്തിനുള്ളിൽ ചൊവ്വയിൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കാൻ സ്റ്റാർഷിപ്പ് റോക്കറ്റുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സ്പേസ് എക്സ് തലവൻ എലോൺ മസ്ക്.
സ്റ്റാർഷിപ്പിന് രണ്ട് ഭാഗങ്ങളാണുണ്ടാവുക. സൂപ്പർ ഹെവി ബൂസ്റ്റർ ഉൾപ്പെടുന്ന റോക്കറ്റ് ഭാഗവും സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റും. ഈ രണ്ട് ഭാഗങ്ങളിലും കരുത്തുറ്റ എഞ്ചിനുകളുണ്ടാകും. പ്രത്യേകമായ സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് പ്രധാന ഭാഗങ്ങളുടെ നിർമാണം. സ്പേസ് എക്സിന്റെ തന്നെ ഫാൾക്കൺ 9, ഫാൾക്കൺ ഹെവി റോക്കറ്റുകളുടെ പിൻഗാമിയാണ് സ്റ്റാർഷിപ്പ്.